- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മോഷണം പതിവാക്കിയ പുള്ള ബിജുവിന് പോലീസിന്റെ അള്ള്; നിരവധി മോഷണക്കേസുകളില്‍ പ്രതി ബൈക്ക് മോഷണത്തിന് തിരുവല്ലയില്‍ പിടിയില്‍
നിരവധി മോഷണക്കേസുകളില്‍ പ്രതി ബൈക്ക് മോഷണത്തിന് തിരുവല്ലയില്‍ പിടിയില്‍
തിരുവല്ല: നിരവധി മോഷണകേസുകളില്‍ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പോലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടില്‍ പുള്ള് ബിജു എന്ന ടി ടി ബിജു (50) ആണ് അറസ്റ്റിലായത്. കര്‍ക്കടകവാവുബലി ദിവസം ഉച്ചക്ക് 3.30 ഓടെ തിരുവല്ല വൈഎംസിഎ ജംഗ്ഷന് സമീപമുള്ള ഫ്ളാറ്റിനു മുന്നില്‍ നിന്നും കറുത്ത യുണികോണ്‍ മോട്ടോര്‍ സൈക്കിള്‍ ആണ് മോഷ്ടിക്കപ്പെട്ടത്. കോട്ടയം പായിപ്പാട് നാലുകോടി കല്ലുപറമ്പില്‍ വീട്ടില്‍ സുധീഷിന്റെതാണ് ബൈക്ക്. സുധീഷ് ഈ കെട്ടിടത്തില്‍ മേസ്തിരി പണി ചെയ്യുകയാണ്.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മറ്റു സ്റ്റേഷനുകള്‍ക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മോഷ്ടാവിനു വേണ്ടിയുള്ള തെരച്ചില്‍ വ്യാപകമാക്കി.ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി. ഡിവൈ എസ് പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ എസ. സന്തോഷിന്റെ നേതൃത്വത്തിലും പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ സാഹസികമായി പിടികൂടിയത്. തൊടുപുഴ ടൗണിലുള്ള ബിവറേജസിന് മുമ്പില്‍ നിന്നും പ്രതിയെ ഇന്നലെ രാത്രി 10 ന് തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ബൈക്ക് തിരുനക്കര മൈതാനിയില്‍ നിന്നും കണ്ടെടുത്തു. മോഷണം നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ നടന്നുപോയ മോഷ്ടാവ്, മോട്ടോര്‍ സൈക്കിളിന് അടുത്തെത്തി തന്റേതെന്ന് ഭാവേന കയറിയിരുന്ന് ലോക്ക് തന്ത്രപരമായി പൊട്ടിച്ച് ഉരുട്ടി അര കിലോമീറ്റര്‍ അകലെയുള്ള വര്‍ക്ക് ഷോപ്പില്‍ എത്തി. താക്കോല്‍ കളഞ്ഞു പോയി. വണ്ടി ഓഫായിപ്പോയി നന്നാക്കണമെന്ന് മെക്കാനിക്കിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശരിയാക്കി അവിടെനിന്നും തൊടുപുഴക്ക് ഓടിച്ചുപോയി.
സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പോലീസ് സംഘം, മോഷ്ടാവ് പുള്ള് ബിജുവാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ മോഷ്ടിച്ചത് ഉള്‍പ്പെടെ 22 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വെളിപ്പെട്ടു. മണിക്കൂറുകളോളം വിവിധയിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോള്‍ ബൈക്ക് പോലീസിന് കിട്ടിയിരുന്നില്ല, പിന്നീട് അന്വേഷണസംഘം തൊടുപുഴ, കോട്ടയം തുടങ്ങിയ ഇടങ്ങളില്‍ വ്യാപമായ തെരച്ചില്‍ നടത്തി. വണ്ടി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു എന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. കോട്ടയത്തെ വിവിധ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ബൈക്ക് പോലീസ് തെരഞ്ഞുനടന്നു. ഒടുവില്‍ തിരുനക്കര മൈതാനിയില്‍ നിന്നാണ് കണ്ടെത്തിയത്.
വീടുകളില്‍ കയറി പണപ്പിരിവ് നടത്തി മദ്യപിക്കുന്ന ശീലമുണ്ട് ഇയാള്‍ക്ക്, ആളില്ലാത്ത വീടുകളാണെങ്കില്‍ അവിടെ നിന്നും പണമോ മൊബൈല്‍ ഫോണോ മോഷ്ടിക്കും. ഏറ്റവും ഒടുവില്‍ കുറുവിലങ്ങാട് പള്ളിയില്‍ നിന്നും രണ്ട് മൊബൈല്‍ മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്ന് തുടങ്ങിയ കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രത്യേകപോലീസ് സംഘത്തില്‍ എസ് സി പി ഓ അഖിലേഷ്, മനോജ്, പുഷ്പദാസ്,സി പി ഓമാരായ അവിനാഷ് വിനായകന്‍, ടോജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.