പന്തളം: തട്ടുകടയില്‍ ആക്രമണം നടത്തി ഉടമയേയും സഹോദരനെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പ്രതികളില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. മുളക്കുഴ അരിക്കര വിനോദ് ഭവനം വീട്ടില്‍ അച്ചുവെന്ന അഖില്‍ ലാല്‍(25), കാരയ്ക്കാട് വെട്ടിപീടിക വെട്ടിയില്‍ പടീഞ്ഞറ്റേതില്‍ വീട്ടില്‍ ജിത്തുരാജ് (24), അരീക്കര പാറപ്പാട് കടയില്‍ വീട്ടില്‍ ഷിയാസ്മോന്‍ (24), കാരക്കാട് പാറക്കല്‍ ക്രിസ്റ്റി വില്ലയില്‍ ക്രിസ്റ്റിന്‍ മോഹനന്‍ (24), പെരിങ്ങാല ചിറയില്‍ മേലേതില്‍ (രാഹുല്‍ സദനം) വീട്ടില്‍ കുട്ടു എന്ന എം എസ് അഖില്‍ ( 23), എന്നിവരാണ് പിടിയിലായത്.

30 ന് രാത്രി 11 ഓടെ മണികണ്ഠനാല്‍ത്തറയ്ക്ക് സമീപത്തുള്ള തട്ടുകടയിലാണ് ആക്രമണം നടന്നത്. മങ്ങാരം പാലത്തടം താഴെയില്‍ വീട്ടില്‍ ശ്രീകാന്ത് എസ്. നായര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹം മണികണ്ഠന്‍ ആല്‍ത്തറ കോയിക്കല്‍ ക്ഷേത്രത്തിനു സമീപവും പറന്തല്‍ ജങ്ഷനിലും തട്ടുകടകള്‍ നടത്തുന്നുണ്ട്. കോയിക്കല്‍ ഉള്ള കടയില്‍ ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്നത് ജ്യേഷ്ഠന്‍ ശ്രീനാഥ് ആണ്. ഇവിടെ രണ്ട് ജീവനക്കാരാണ് ഉള്ളത്. ഇതിലൊരാളായ റാഷിദ് ഫോണില്‍ വിളിച്ച്, ആഹാരം കഴിക്കാന്‍ വന്ന മൂന്ന് യുവാക്കള്‍ ശ്രീനാഥിനെയും തങ്ങളെയും മര്‍ദ്ദിച്ചതായി അറിയിച്ചത് പ്രകാരം ശ്രീകാന്ത് ഉടനടി അവിടെയെത്തി. ശ്രീനാഥിന് തലയ്ക്ക് നേരത്തെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ശ്രീകാന്തിന്റെ മൊഴിയില്‍ പറയുന്നു.

യുവാക്കള്‍ ചായയ്ക്കും ഓംലെറ്റിനും ഓര്‍ഡര്‍ നല്‍കി അത് എത്തിച്ചുവെങ്കിലും രണ്ടു ചായ മതിയെന്ന് പറഞ്ഞു. ബാക്കിയുള്ളത് ആര്‍ക്കു കൊടുക്കും എന്ന് ചോദിച്ച ജീവനക്കാരനോട് അസഭ്യം വിളിച്ചുകൊണ്ട് തട്ടിക്കയറി. ഇടപെട്ടപ്പോള്‍ ശ്രീനാഥിനെ പിടിച്ചു തള്ളുകയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുളനട ഭാഗത്തേക്ക് പോവുകയും ചെയ്തു. ശ്രീകാന്ത് കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ട് നില്‍ക്കെയാണ്, ആല്‍ത്തറ ഭാഗത്ത് നിന്നും 12 ഓളം പേരടങ്ങുന്ന സംഘം എത്തി ആക്രമണം നടത്തിയത്.

അസഭ്യം വിളിച്ചും കൊല്ലുമെന്ന് ആക്രോശിച്ചും കടന്നുവന്ന സംഘം ശ്രീനാഥിനെയും ജീവനക്കാരെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ശ്രീകാന്തിനും മര്‍ദ്ദനമേറ്റത്. അടിച്ചു നിലത്തിടുകയും ജ്യൂസ് ഗ്ലാസും സ്റ്റീല്‍ ജഗ്ഗും കൊണ്ട് തലയില്‍ അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

ചെടിച്ചട്ടിയെടുത്ത് മുതുകത്ത് അടിച്ചു. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളാണ് ശ്രീകാന്തിനെയും കടയിലെ ജീവനക്കാരെയും മര്‍ദ്ദിച്ചത്. ശ്രീകാന്തിന് തലയില്‍ 21 തുന്നല്‍ ഇടേണ്ട വിധം മുറിവുണ്ടായി. ജീവനക്കാരായ റാഷിദിനെയും റഹ്‌മാനെയും നിലത്തിട്ട് ചവിട്ടി വലിച്ചിഴക്കുകയും ചെയ്തു. ശേഷം പ്രതികള്‍ ക്യാഷ് കൗണ്ടര്‍, കണ്ണാടിപ്പെട്ടികള്‍, വാതില്‍ തുടങ്ങി കടയിലെ സാധനങ്ങള്‍ മുഴുവനും അടിച്ചുതകര്‍ത്തു. സിഎം ആശുപത്രിയില്‍ ചികിത്സ കഴിയുന്ന ശ്രീകാന്തിന്റെ മൊഴി രേഖപ്പെടുത്തി വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പന്തളം പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കിയിരുന്നു.

സ്ഥലത്ത് വിരലടയാളവിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും പോലീസ് ഫോട്ടോഗ്രാഫറുടങ്ങിയ സംഘവും വിശദമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കാന്‍ ഉപയോഗിച്ച ജ്യൂസ് ഗ്ലാസിന്റെ പൊട്ടിയ കഷണങ്ങളും മറ്റും ബന്തവസിലെടുത്തു. ശ്രീകാന്തിന്റെ തലയോട്ടി പൊട്ടി ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിക്കുന്നു. ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

പ്രതികളില്‍ അഖില്‍ ലാലിന് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുണ്ട്. ജിത്തു രാജിന് ആറന്മുള പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് വലിച്ചതിന് കേസ് ഉണ്ട്. മറ്റു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.