കണ്ണൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിന്റെ മറവില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ പ്രമുഖഡോക്ടറില്‍ നിന്നും 4.43 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഓണ്‍ലൈന്‍ ഷെയര്‍ വ്യാപാരത്തില്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നു നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയായ എറണാകുളം പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസില്‍ സൈനുല്‍ ആബിദിനെ (43) യാണ് കണ്ണൂര്‍ സൈബര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നിര്‍ദ്ദേശാനുസരണം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ ഇതോടെ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്.

കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ്, അഡീ. എസ്പി സജേഷ് വാഴ വളപ്പില്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ടി ജേക്കബ്, സൈബര്‍ ക്രൈം പോലീസ് ഉള്‍പ്പെട്ട സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

എസ്‌ഐ മാരായ പ്രജീഷ് ടി പി, എ എസ് ഐ പ്രകാശന്‍ വിവി, സി പി ഒ സുനില്‍ കെ, എസ് സിപിഒ ജിതിന്‍ സി എന്നിവരാണ് പ്രതിയെ പെരുമ്പാവൂരില്‍ നിന്നു പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡ് തട്ടിപ്പു കേസിലെ പ്രതികളായ ചെന്നൈ സ്വദേശി ബാഷ എറണാകുളം സ്വദേശി റി ജാസ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു.

ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനുല്‍ ആബിദ് അറസ്റ്റിലായത് പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇയാളെ തെരഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍ പല തവണ പോയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇയാളുടെ വീടിരിക്കുന്ന പ്രദേശത്ത് മഫ്തിയില്‍ രാപകല്‍ ക്യാംപ് ചെയ്താണ് പൊലിസ് പ്രതിയെ പിടികൂടിയത്. ഉത്തരേന്ത്യ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ കണ്ണിയാണ് ആ ബിദെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.