ചിറ്റാര്‍: ഹോട്ടലില്‍ മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും ദേഹോപദ്രവമേല്പിച്ച കേസിലെ പ്രതിയെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില്‍ കൂരി ബിനു എന്ന എബ്രഹാം തോമസ് (43) ആണ് പിടിയിലായത്. പോലീസിന്റെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളാണ്.

പഴയ ബസ് സ്റ്റാന്‍ഡില്‍ നീലിപിലാവ് സ്വദേശി സിന്ധു നടത്തുന്ന ഹോട്ടലില്‍ 17 ന് വൈകിട്ട് മൂന്നരയോടെ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു പ്രതി. കടയിലിരുന്ന് ഇയാള്‍ മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാന്‍ വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും മറ്റും ചെയ്യുകയായിരുന്നു.

സിന്ധു പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നു തന്നെ പിടികൂടി. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ് സുജിതിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സുഷമ കൊച്ചുമ്മന്‍, എസ്.സി.പി.ഓ പ്രവീണ്‍, സി.പി.ഓ സുനില്‍കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എബ്രഹാം തോമസ് പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ്.