പന്തളം: നഗര ഹൃദയത്തിലെ അഞ്ചു വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം. പുതിയതായി ആരംഭിച്ച ബേക്കറിയില്‍ നിന്നും അരലക്ഷം രൂപ അപഹരിച്ചു. എന്‍.എസ്.എസ് കോളേജിന് എതിര്‍വശത്തെ ആറോളം കടകളിലാണ് ഒറ്റ രാത്രിയില്‍ മോഷണം നടന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്ത ബൂഫിയ ബേക്കറിയില്‍ നിന്നും അമ്പതിനായിരം രൂപയാണ് അപഹരിച്ചത്.

ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് സിസിടിവി ക്യാമറ പൂര്‍ണമായും നശിപ്പിച്ചു. മോഷണം കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ് കട പൂട്ടിട്ട് പൂട്ടി. എന്‍എസ്എസ് കോളേജിന് എതിര്‍വശം പ്രവര്‍ത്തിച്ചിരുന്ന എം.ജി ദന്തല്‍ ക്ലിനിക്ക്, ഇതേ കെട്ടിടത്തിന്റെ താഴ്ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രഡ് ലയില്‍ കഫേ, വിദ്യഭവന്‍ ബുക്ക് സ്റ്റാള്‍, യു.ഡി മെന്‍സ് ഫാഷന്‍ സ്റ്റോര്‍, എന്നിവിടങ്ങളിലും മോഷണശ്രമം നടന്നു.

ഇവിടങ്ങളിലെ സിസിടിവി ക്യാമറകള്‍ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. യു.ഡി മെന്‍സ് ഫാഷന്‍ സ്റ്റോറിന്റെ ഗ്ലാസ് പൊളിച്ചാണ് അകത്തു കയറിയത്. സമീപത്തെ മണിമുറ്റത്ത് ഫൈനാന്‍സിലെ ക്യാമറ നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11:30 ന് ശേഷമാണ് മോഷ്ടാവ് എത്തിയതെന്ന് സി.സി.ടി.വിയില്‍ വ്യക്തമാണ്.

കാവി കൈലിയുടുത്ത് കഷണ്ടിയായ ഒരാള്‍ കടയ്ക്കുള്ളില്‍ കയറി സിസിടിവി ക്യാമറ നശിപ്പിക്കുന്നത് വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ചില കടകള്‍ ഗ്ലാസുകള്‍ തകര്‍ത്തും പൂട്ടുകള്‍ പൊളിച്ചുമാറ്റിയുമാണ് മോഷ്ടാവ് അകത്ത് കിടന്നത്. ഒന്നിലേറെ ആളുകള്‍ ക്യാമറയില്‍ വ്യക്തമാണ്. പത്തനംതിട്ടയില്‍ നിന്ന് എത്തിയ വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. ജാക്കി എന്നാ പോലീസ് നായ മണം പിടിച്ച് സമീപത്തെ ധനലക്ഷ്മി ബാങ്കിന്റെ സമീപം വരെ എത്തി. എസ്.എച്ച്.ഓ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.