കോന്നി: വാടകവീട്ടില്‍ താമസിച്ചിരുന്ന വീട്ടമ്മയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വടശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയില്‍ ടി.കെ. സിജുപ്രസാദ് (43) ആണ് അറസ്റ്റിലായത്. വീട്ടമ്മയും മക്കളും കിടന്നുറങ്ങിയ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച ശേഷം കതകിനു മുകളിലുളള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു.

വെളളിയാഴ്ച പുലര്‍ച്ചെ 12.10 നാണ് സംഭവം. കതക് പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് പ്രതി വീടിന് തീയിട്ടത്. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങി മുകളില്‍ കയറി ഓടിളക്കി മാറ്റി മക്കള്‍ രണ്ടുപേരും പുറത്തിറങ്ങി. തുടര്‍ന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരുമായി ചേര്‍ന്ന് വാതില്‍ വെട്ടിപ്പൊളിച്ച് വീട്ടമ്മയെയും പുറത്തെത്തിക്കുകയായിരുന്നു.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സ് ചേര്‍ന്ന് തീയണച്ചു. കൈകാലുകള്‍ക്കും മറ്റും പൊളളലേറ്റ വീട്ടമ്മയും മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്ക് വീട്ടമ്മയില്‍ തോന്നിയ സംശയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചത്. ഒളിവില്‍പ്പോയ പ്രതിയെ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മുജീബ്‌റഹ്‌മാന്‍, എസ്.സി.പി.ഒ സുബിന്‍, സി.പി.ഒമാരായ അഭിലാഷ്, രാഗേഷ്, രതീഷ് എന്നിവരടങ്ങിയ സംഘം പൂങ്കാവില്‍ നിന്നും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.