പെരുനാട് : മദ്യപാനത്തിന് വെളളം ആവശ്യപ്പെട്ടിട്ട് നല്‍കാഞ്ഞതിനെ തുടര്‍ന്ന് മധ്യവയസ്‌കന്റെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ച കേസില്‍ പ്രതി പെരുനാട് പോലീസിന്റെ പിടിയിലായി.അത്തിക്കയം ചെമ്പനോലി സ്വദേശിയായ ഈട്ടിക്കല്‍ വീട്ടില്‍ ദേവസ്യ (56) ആണ് അറസ്റ്റിലായത്. പ്രതിയ്ക്ക് മദ്യപിക്കാന്‍ വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലായെന്ന കാരണത്താല്‍ സുഹൃത്തുമായി റോഡരികില്‍ സംസാരിച്ച് നിന്നിരുന്ന മധ്യവയസ്‌കനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെയാണ് സംഭവം. കൃത്യത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ പെരുനാട് പോലീസ് സ്റ്റേഷന്‍ സബ്ഇന്‍സ്പെക്ടര്‍ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ എസ്.സി.പി.ഒ വിജേഷ്,സുകേഷ് ,സി.പി.ഒ മാരായ സേതു, അബില്‍, ഷഹനാസ് റാംപ്രകാശ് എന്നിവരടങ്ങിയ സംഘം മടന്തമണ്ണില്‍ നിന്നും പിടി കൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.