- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം കവര്‍ച്ച: 'തിരുക്കുറംഗുഡി' ഗ്യാങ്ങിലെ രണ്ട് പ്രധാനികള്‍ കൂടി പിടിയില്‍; കുടുങ്ങിയത് തമിഴ്നാട്ടില്‍ നിന്ന്; ആകെ പിടിയിലായത് നാലുപ്രതികള്‍
പന്തളം കവര്‍ച്ച: 'തിരുക്കുറംഗുഡി' ഗ്യാങ്ങിലെ രണ്ട് പ്രധാനികള്‍ കൂടി പിടിയില്‍

പന്തളം: പ്രവാസിയുടെ വീട് തകര്‍ത്ത് 51.5 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ തമിഴ്നാട് കവര്‍ച്ചാ സംഘമായ 'തിരുക്കുറംഗുഡി' ഗ്യാങ്ങിലെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശികളായ ഇസക്കി രാജ (കടപ്പാ രാജ - 28), സഹോദരന്‍ നമ്പിരാജ (23) എന്നിവരെ പാളയംകോട്ടയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ആഴ്ച ഇസക്കി രമേശ്, ഗണേഷ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
ഒഎല്‍എക്‌സ് വഴി വ്യാജ നമ്പര്‍ പ്ലേറ്റുകള്‍
അത്യന്തം തന്ത്രപരമായ രീതിയിലാണ് ഈ സംഘം കവര്‍ച്ച നടത്തിയിരുന്നത്. വാടകയ്ക്കെടുത്ത സ്വിഫ്റ്റ് ഡിസയര്‍ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. പോലീസിനെ വെട്ടിക്കാനായി ഒഎല്‍എക്‌സില്‍ (OLX) വില്‍ക്കാന്‍ ഇട്ടിരിക്കുന്ന അതേ മോഡല്‍ കാറുകളുടെ നമ്പറുകള്‍ ശേഖരിച്ച് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കും. ഇത്തരത്തില്‍ നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കരുതിയാണ് ഇവര്‍ കവര്‍ച്ചയ്ക്കിറങ്ങിയത്.
മൂന്ന് സംസ്ഥാനങ്ങളില്‍ കവര്‍ച്ചാ പരമ്പര
പന്തളത്ത് ജനുവരി 29-ന് കൈപ്പുഴ സ്വദേശി ബിജുവിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് 51.5 പവന്‍ സ്വര്‍ണം കവര്‍ന്നു. പന്തളത്തെ കവര്‍ച്ചയ്ക്ക് പിന്നാലെ കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പര്‍ ഘടിപ്പിച്ച് ഉടുപ്പിയിലെത്തിയ സംഘം മറ്റൊരു പ്രവാസിയുടെ വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണവും 9 ലക്ഷം രൂപയും കവര്‍ന്നു. തിരികെ കേരളത്തിലെത്തിയ സംഘം കൊല്ലം കുമ്പളത്തും സമാന രീതിയില്‍ മോഷണം നടത്തി.
തമിഴ്നാട്ടിലെത്തി കാറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി അടുത്ത കവര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാര്‍, പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


