കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. പൊള്ളലേറ്റ റിയാസാണ് നിർണായക മൊഴി പോലീസിന് നൽകിയിരിക്കുന്നത്. തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നുമാണ് മൊഴി നൽകിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്താണ് കൊലപാതക ശ്രമം. ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.

കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിക്കാനുള്ള കാരണമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. സംഭവ സമയത്തെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശി റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്. യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടനെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ.