കൊല്ലം: കൊല്ലം നഗരത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ കേസിൽ ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീൻ (52) അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഡിസംബർ 9-നാണ് ഒരു യൂട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റ് വിഭാഗത്തിൽ സേനാംഗങ്ങൾക്കെതിരെ അശ്ലീല പരാമർശം പ്രത്യക്ഷപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന ഹരിതകർമ സേനാംഗങ്ങൾ പണിമുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

സേനാംഗങ്ങളുടെ പരാതിയെത്തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേസെടുത്തതറിഞ്ഞതിനെത്തുടർന്ന് ഒളിവിൽ പോയ സിറാജുദ്ദീൻ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയെന്ന വിവരത്തെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

പരാമർശം പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പുഷ്പകുമാർ, എസ്.ഐ സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.