പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ കഥകള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. മെത്രാപ്പോലീത്ത അടക്കം ഇവരുടെ വലയില്‍ വീണപ്പോള്‍ തട്ടിപ്പുകാര്‍ക്കെതിരേ സധൈര്യം പ്രതികരിക്കുന്ന യുവാക്കളെയും നമ്മള്‍ കണ്ടു. എന്നാല്‍ അതുക്കും മേലെ നടന്ന ഒരു സംഭവം ഇതാ. അടൂര്‍ ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. കേന്ദ്ര ഇന്റലിജന്‍സുകാരനെയും തട്ടിപ്പുകാര്‍ പറ്റിക്കുമ്പോള്‍തട്ടിപ്പിന് ഇരയായിരിക്കുന്നത് സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ ആണെന്ന് അറിയുമ്പോള്‍ ഞെട്ടിയത് പോലീസുകാരാണെന്ന് മാത്രം. രാജ്യത്തിന്റെ ചലനം തന്നെ നിയന്ത്രിക്കുന്നവരാണ് കേന്ദ്രഇന്റലിജന്‍സില്‍ ജോലി ചെയ്യുന്നത്. അവരാണ് ഇത്തരം തട്ടിപ്പുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍, അവിടെ നിന്ന് വിരമിച്ച ഒരാള്‍ തന്നെ തട്ടിപ്പിന് ഇരയായ വാര്‍ത്തയാണ് പുറത്തു വരുന്നത്.

2008 ല്‍ ഐബിയില്‍ നിന്ന് വിരമിച്ച 73 വയസുള്ളയാളെയാണ് തട്ടിപ്പുകാര്‍ വലയിലാക്കി കഴിഞ്ഞ മൂന്നു മുതല്‍ 17 വരെ രണ്ടാഴ്ചക്കാലം കൊണ്ട് 48 ലക്ഷം രൂപ തട്ടിയെടുത്തത്. മുംബൈ പോലീസില്‍ നിന്നാണ് വിളിക്കുന്നതെന്നും ഇദ്ദേഹം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് പല തവണയായി പണം കൈപ്പറ്റിയത്. 48 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് കൊടുത്തതിന് ശേഷമാണ് ബന്ധുവായ റിട്ട ഐപിഎസുകാരനോട് പോലും ഇദ്ദേഹം കാര്യം പറയുന്നത്. തുടര്‍ന്ന് ഏനാത്ത് പോലീസില്‍ പരാതി നല്‍കി. അവസാനം കൊടുത്ത ആറു ലക്ഷം രൂപ മരവിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏക നേട്ടം. സമയം കഴിഞ്ഞു പോയതിനാല്‍ ബാക്കി തുക തിരിച്ചെടുക്കാന്‍ പാടാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഏനാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.