തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് വാങ്ങി നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് ) ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. അക്കൗണ്ട് വാടകക്ക് നല്‍കുകയാണെങ്കില്‍ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും, മറ്റുള്ളവരുടെ അക്കൌണ്ടും ഫോണ്‍ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നത്. ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും വ്യാപകമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പുസംഘത്തിന്റെ മറ്റൊരു രീതി.

അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. സ്വന്തം അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും, ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ വിവരം 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.