പൂനെ: വാട്സാപ്പ് ഗ്രൂപ്പ് വഴി വന്‍ നിക്ഷേപ തട്ടിപ്പ്. ഒരു സൈനിക ഡോക്ടറുടെ 1.2 കോടി രൂപ തട്ടിപ്പിലൂടെ നഷ്ടമായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ജൂലൈ പകുതിയോടെ ലഭിച്ച ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഓഹരി വിപണിയിലെ നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം നേടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പില്‍ വിശ്വാസമര്‍പ്പിച്ച ഡോക്ടര്‍ ഏറെ വൈകിയാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന വിവരം തിരിച്ചറിഞ്ഞത്.

ഒരു ദിവസം ഡോക്ടര്‍ ഒരു ട്രേഡിംഗ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിതനായി. പിന്നീട് വിവിധ ബാങ്ക് അക്കൌണ്ടുകളിലേയ്ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. ഏകദേശം 40 ദിവസത്തിനുള്ളില്‍ ഡോക്ടര്‍ 1.22 കോടി രൂപയുടെ 35 ഇടപാടുകള്‍ നടത്തി. ഡോക്ടറുടെ ഓരോ ഇടപാടും പ്ലാറ്റ്‌ഫോമിലെ നിക്ഷേപമായാണ് കാണിച്ചത്.

മൊത്തം വരുമാനം 10.26 കോടി രൂപയില്‍ എത്തിയെന്നും ഡോക്ടറെ വിശ്വസിപ്പിച്ചു. മിക്ക തട്ടിപ്പുകളിലും സംഭവിക്കുന്നത് പോലെ തന്നെ ഈ പണം പിന്‍വലിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പുകാര്‍ 5 ശതമാനം തുക ഫീസ് ആവശ്യപ്പെട്ടു. ഇത് ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും. തുക നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ സമ്പാദ്യം ഫ്രീസ് ചെയ്യുമെന്ന ഭീഷണിയും ലഭിച്ചു.

ഇടപാടുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ പ്ലാറ്റ്ഫോമിന്റെ വിലാസം ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഒരു വിലാസമാണ് ലഭിച്ചത്. ഇത് പരിശോധിച്ചതോടെ സംഭവം തട്ടിപ്പാണെന്ന് ഡോക്ടര്‍ മനസിലാക്കി. ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ വഴി പരാതി നല്‍കുകയും പൂനെ സിറ്റി പൊലീസിന്റെ സൈബര്‍ വിഭാഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.