കോതമംഗലം: ഊന്നുകല്ലിന് സമീപം ആളൊഴിഞ്ഞ വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് ടാങ്കിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

ഒരു വൈദികന്റെ ഉടമസ്ഥതയിലുള്ള ഈ വീട്ടിൽ കുറച്ചുകാലമായി ആരും താമസിച്ചിരുന്നില്ല. വീടിന്റെ വർക്ക് ഏരിയയോട് ചേർന്നുള്ള ഗ്രില്ല് തകർത്ത നിലയിൽ കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. കൊലപാതക സാധ്യതയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

സമീപപ്രദേശമായ കുറുപ്പംപടിയിൽ നിന്ന് അറുപത് വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി പരാതി നിലവിലുണ്ട്. ഈ കേസുമായി കണ്ടെത്തിയ മൃതദേഹത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ടാങ്കിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിലൂടെയേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.