തൃശൂര്‍: തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പുഴയുടെ സമീപം ഉണ്ടായിരുന്ന വഞ്ചിക്കാരാണ് ചാക്ക് കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹമാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി തള്ളിയതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മരിച്ചയാൾ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.