പത്തനംതിട്ട: അടയ്ക്കാ പറിക്കാൻ കയറിയ തൊഴിലാളി മരം ഒടിഞ്ഞ് പുഴയിൽ വീണു മരിച്ചു. റാന്നി അടിച്ചിപ്പുഴ വടക്കേതിൽ സുനിൽ(45 ) ആണ് മരിച്ചത്. അടയ്ക്ക പറിക്കാൻ കയറുന്നതിനിടെ മരം ഒടിഞ്ഞു പുഴയിലേക്ക് വീഴുകയായിരുന്നു.

വീഴ്‌ച്ചയുടെ ആഘാതത്തിൽ സാരമായ പരുക്കു പറ്റിയ സുനിലിന് നദിയുടെ അടിത്തട്ടിൽ വച്ചു തന്നെ അന്ത്യം സംഭവിച്ചുവെന്നാണ് കരുതുന്നത്. നദിയുടെ ആഴമേറിയ ഭാഗത്തു വീണത് നാട്ടുകാർക്ക് ഇയാളെ രക്ഷപ്പെടുത്തുന്നതിനു തടസമായി.

പെരുനാട് മടത്തുംമൂഴി വലിയ പാലത്തിനോട് ചേർന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിയോടെയാണ്‌സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരുനാട് പൊലീസുംറാന്നി ഫയർആൻഡ് റെസ്‌ക്യു ടീമും പത്തനംതിട്ട സ്‌കൂബ ടീമും സ്ഥലത്തെത്തിയെങ്കിലും സുനിൽ മരണപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതുദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.