ശാസ്താംകോട്ട: മില്ലിലെ പൊടിപ്പുയന്ത്രത്തില്‍ സാരി കുരുങ്ങി സ്ത്രീത്തൊഴിലാളി ദാരുണമായി മരിച്ചു. സാരി യന്ത്രത്തില്‍ കുടുങ്ങിയതോടെ തലയിടിച്ച് നിലത്തുവീണ് പരിക്കേറ്റ് രക്തംവാര്‍ന്നാണ് അന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കൊറ്റങ്കര വിളയില്‍വീട്ടില്‍ രമാദേവി(59)യാണ് മരിച്ചത്. കുന്നത്തൂര്‍ നെടിയവിള ക്ഷേത്രം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊടിപ്പുമില്ലിലാണ് അപകടം.

തിങ്കളാഴ്ച രാവിലെ പതിനൊന്നിനുശേഷമാകാം അപകടമെന്നാണ് നിഗമനം. ആ സമയംവരെ ഉടമയും മില്ലിലുണ്ടായിരുന്നു. അദ്ദേഹം പുറത്തേക്കു പോയശേഷമാണ് അപകടം. രമാദേവി മില്ലില്‍ ജോലിക്കെത്തിയിട്ട് ഒരുമാസമേ ആയുള്ളൂ. മില്ലിലെത്തിയവരാണ് തലതകര്‍ന്ന് ചോരവാര്‍ന്നനിലയില്‍ രമാദേവിയെ കണ്ടത്. ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാധനങ്ങള്‍ പൊടിക്കുന്നതിനിടയില്‍ ശക്തിയോടെ കറങ്ങുകയായിരുന്ന ചക്രം ഘടിപ്പിച്ചിട്ടുള്ള ഷാഫ്റ്റില്‍ സാരികുരുങ്ങി കറങ്ങി നിലത്തടിച്ചുവീണ് തലയ്ക്ക് പരിക്കേറ്റതാകാമെന്നാണ് നിഗമനം. സാരി യന്ത്രത്തില്‍ കരുങ്ങിയ നിലയിലാണ്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: പങ്കജാക്ഷന്‍ നായര്‍. മക്കള്‍: ധന്യ, അരുണ്‍.