പത്തനംതിട്ട: ചപ്പു ചവറിനിട്ട തീയില്‍ നിന്ന് റബര്‍ തോട്ടത്തിലെ അടിക്കാടുകള്‍ക്ക് തീ പിടിച്ചു. അണയ്ക്കാനുള്ള ശ്രമത്തിനിടെ തീയില്‍ അകപ്പെട്ട വീട്ടമ്മ വെന്തു മരിച്ചു. അങ്ങാടിക്കല്‍ സൗത്ത് ഷിബുഭവനത്തില്‍ ഓമന് (64) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം.

കൊടുമണ്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അങ്ങാടിക്കല്‍ സൗത്ത്, മഞ്ഞപിന്ന കോളനിയിലെ 30 സെന്റോളം വരുന്ന റബ്ബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. അടൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്ത് ചെന്നെങ്കിലും വാഹനം തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നില്ല. സേനാംഗങ്ങള്‍ സ്ഥലത്തേക്ക് നടന്ന് എത്തുമ്പോഴേക്കും തീ നാട്ടുകാര്‍ അണച്ചിരുന്നു.

അപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ ഓമനയെ കണ്ടെത്തിയത്. അണയ്ക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ തീയില്‍ വീണുവെന്നാണ് കരുതുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോള്‍ കൊടുമണ്‍ പോലീസ് പാര്‍ട്ടിയും ഉണ്ടായിരുന്നു.

ചപ്പു ചവറുകള്‍ക്കിട്ട തീയില്‍ നിന്നും തോട്ടത്തിലേക്ക് പടരുകയായിരുന്നു എന്നു അവിടെയുണ്ടായിരുന്നവര്‍ അറിയിച്ചു.

അസ്റ്റസ്സിന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ സന്തോഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ അഭിലാഷ് എസ്. നായര്‍, രാഹുല്‍, ദീപേഷ്, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ അഭിലാഷ് ഹോംഗാഡ് ശ്രീകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.