തൊടുപുഴ: ഇടുക്കി ബൈസൺവാലിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. ബൈസൺവാലി ഓലിക്കൽ വീട്ടിൽ സുധൻ (60) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ കുളങ്ങരയിൽ അജിത്തിനെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്തുവെച്ചാണ് കൊലപാതകം നടന്നത്. അജിത്തിൻ്റെ വീടിന് സമീപത്തുവെച്ചാണ് സുധന് വെട്ടേറ്റത്. രക്തത്തിൽ കുളിച്ചുകിടന്ന സുധനെ പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ആദ്യം കണ്ടത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.