തിരുവനന്തപുരം: അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പൊലീസ് മേധാവി രവത ചന്ദ്രശേഖറിന്റെ സര്‍ക്കുലര്‍്. അന്വേഷണ പുരോഗതി, മൊഴികള്‍, കണ്ടെത്തലുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഒരു കാരണവശാലും മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപി പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

അന്വേഷണത്തിലുള്ള കേസുകളിലെ വിവരങ്ങള്‍ പൊതുജനമുന്നില്‍, പ്രത്യേകിച്ച് പത്രസമ്മേളനങ്ങള്‍ വഴി വെളിപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം നടപടികള്‍ മുന്‍ ഉത്തരവുകളിലൂടെ കോടതി റദ്ദാക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന ഒരു കേസില്‍, പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചതും കുറ്റസമ്മത പ്രസ്താവനയുടെ ഉള്ളടക്കം പോലും പങ്കുവെച്ചതും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളുടെ കുറ്റസമ്മതത്തെക്കുറിച്ചുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ അന്വേഷണ ഏജന്‍സിക്കും വിചാരണ കോടതിക്കും മേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുമെന്ന് കോടതി വിലയിരുത്തുന്നു. കുറ്റസമ്മതവും അന്വേഷണ വിശദാംശങ്ങളും പരസ്യമാക്കപ്പെട്ടാല്‍, പ്രതി കുറ്റവിമുക്തനാക്കപ്പെടുന്ന പക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വിചാരണ ജഡ്ജിക്കും പൊതുജനങ്ങളുടെ പ്രതിഷേധവും വിമര്‍ശനവും നേരിടേണ്ടി വരാം. പൊതുതാല്‍പ്പര്യത്തിനായി പരിമിതമായ വെളിപ്പെടുത്തലുകള്‍ ആവശ്യപ്പെടുന്ന അസാധാരണ സാഹചര്യങ്ങളില്‍പ്പോലും, പ്രതികളുടെ കുറ്റസമ്മതങ്ങള്‍ കോടതിക്ക് മുമ്പാകെ തെളിവായി സ്വീകാര്യമല്ലെന്ന വ്യക്തമായ പ്രസ്താവന ഉണ്ടാകണമെന്നും കോടതി ഓര്‍മ്മിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, പൊലീസുകാരുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകളുണ്ടായാല്‍ ശക്തമായ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.