പത്തനംതിട്ട: ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികനിൽ നിന്നും പണം തട്ടാനുള്ള ശ്രമം വിഫലമായത് ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ. വയോധികനെ തെറ്റിദ്ധരിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് അധികൃതർ വിഫലമാക്കിയത്. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിലാണ് സൈബർ തട്ടിപ്പ് ശ്രമം പൊളിഞ്ഞത്.

വയോധികനെ ഫോണിൽ വിളിച്ച തട്ടിപ്പ് സംഘം മകനെ ഏതെങ്കിലും കേസിൽ കുടുക്കാതിരിക്കണമെങ്കിൽ 45 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്, വയോധികൻ പണം കൈമാറാനായി കിടങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെത്തി. ബാങ്കിൽ തന്റെ സ്ഥിര നിക്ഷേപത്തിലെ മുഴുവൻ തുകയും പിൻവലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയത്.

വയോധികൻ നൽകിയ അക്കൗണ്ട് വിവരങ്ങളിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ ശ്രമം വിഫലമായത്. തുടർന്ന്, ബാങ്ക് അധികൃതർ വിഷയത്തിൽ ഇടപെട്ട് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയും തുടർ നടപടികൾക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.