- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഗവേഷകന് ഡോ. മഹ്‌മൂദ് കൂരിയ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം; അവാര്‍ഡിന് പരിഗണിച്ചത് നാല്പത് വയസ്സില്‍ താഴെയുള്ളവരെ
മലയാളി ഗവേഷകന് ഡോ. മഹ്‌മൂദ് കൂരിയ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം
ബെംഗളൂരു: മലയാളി സാമൂഹികശാസ്ത്രജ്ഞന്‍ ഡോ. മഹ്‌മൂദ് കൂരിയ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം. ശാസ്ത്ര, ഗവേഷണ രംഗത്തെ മികവിനാണ് മഹ്‌മുദ് കൂരിയയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. ഒരു ലക്ഷം ഡോളറാണ് (ഏകദേശം 84.5 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക രംഗത്തെ മാറ്റങ്ങളില്‍ ഇസ്ലാമിക നിയമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പഠനത്തിന് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലാണ് എഡിന്‍ബറ സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായ ഡോ. മഹ്‌മൂദ് കൂരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
ഇന്ത്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, മലേഷ്യ, മൊസാംബിക്, കോമറോസ് എന്നീ രാജ്യങ്ങളിലെ മുസ്ലിം മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചുള്ള പഠനത്തിന് 2019ല്‍ ഡച്ച് സര്‍ക്കാരിന്റെ 2 കോടി രൂപയുടെ ഫെലോഷിപ്പും നേടിയിട്ടുണ്ട്. യുഎസിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച് കൗണ്‍സിലില്‍നിന്നു 30 ലക്ഷം രൂപയുടെ ഗ്രാന്റിനും അര്‍ഹനായിരുന്നു. മലപ്പുറം പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്തീന്‍ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമൂനയുടെയും മകനാണ്.
സ്റ്റാന്‍ഫഡ് സര്‍വകലാശാല ഇക്കണോമിക്‌സ് പ്രഫസര്‍ ഡോ. അരുണ്‍ ഗൗതം ചന്ദ്രശേഖര്‍ (സാമ്പത്തികശാസ്ത്രം), വാഷിങ്ടന്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രഫസര്‍ ശ്യാം ഗോല്ലക്കോട്ട, പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ബയോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ സിദ്ധേഷ് കാമത്ത് (ലൈഫ് സയന്‍സസ്), കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തിയററ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് മാത്തമാറ്റിക്‌സ് വിഭാഗം പ്രഫസര്‍ നീന ഗുപ്ത (ഗണിതശാസ്ത്രം), സ്റ്റാന്‍ഫഡ് സര്‍വകലാശാല ഫിസിക്‌സ് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ വേദിക ഖെമാനി (ഫിസിക്കല്‍ സയന്‍സസ്) എന്നിവരാണ് മറ്റു പുരസ്‌കാരജേതാക്കള്‍.
ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്‍, സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തി, എസ്.ഡി.ഷിബുലാല്‍ എന്നീ ട്രസ്റ്റികളും ചടങ്ങില്‍ പങ്കെടുത്തു. 40 വയസ്സില്‍ താഴെയുള്ളവരെയാണു പുരസ്‌കാരത്തിനു പരിഗണിച്ചത്. ജനുവരി 11ന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.