കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടികളിലും ജനലുകളിലും പുറത്തിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ താൽക്കാലികമായി റദ്ദാക്കി. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് വാടകക്കെടുത്ത ബസിന്റെ ഡ്രൈവർക്ക് ഐഡിടിആർ പരിശീലനത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയിലെ ഇലാഹിയ എൻജിനീയറിങ് കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് സംഭവം നടന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് ബസിന്റെ ചവിട്ടുപടികളിലും ജനലുകളിലും ഇരുന്നും നിന്നും അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ബസിന്റെ മുന്നിലും പിന്നിലുമുണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും സമാനരീതിയിലായിരുന്നു വിദ്യാർഥികളുടെ യാത്ര. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

നിയമപ്രകാരം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാതിലുകൾ അടച്ചതിനു ശേഷം മാത്രമേ ബസ് മുന്നോട്ടെടുക്കാവൂ. യാത്രക്കാർ കൈകളും തലയും പുറത്തേക്ക് ഇടുന്നതിനും വിലക്കുണ്ട്. എന്നാൽ, ഇവിടെ ഈ നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് പരാതിയുയർന്നിരുന്നു. എറണാകുളം ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) നടത്തിയ അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.