തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഡിവൈഡര്‍ മറികടന്ന് അമിതവേഗത്തിലെത്തിയ ടിപ്പറിനെതിരെ സ്‌കൂട്ടര്‍ യാത്രക്കാരി വീണ അപകടദൃശ്യം സി.സി ടി.വിയില്‍പ്പെട്ടതോടെ ടിപ്പര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവ്. കഴിഞ്ഞ ഓഗസ്റ്റ് 14 നായിരുന്നു അപകടം നടന്നത്. വരവൂര്‍ ഭാഗത്തു നിന്നും ടിപ്പര്‍ ലോറി അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ ദേശമംഗലം തലശ്ശേരി ചുങ്കം ജംഗ്ഷനില്‍ വന്നതിനെത്തുടര്‍ന്ന് എതിരെ വന്ന ഇരുചക്രവാഹനത്തിലെ യാത്രക്കാരി കടന്നു പോകാന്‍ സ്ഥലമില്ലാതെ വാഹനം മറിഞ്ഞു വീഴുകയായിരുന്നു.

ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സ്റ്റമ്പുകളും, ഡിവൈഡറും മറികടന്നാണ് ടിപ്പര്‍ ലോറി തെറ്റായ ദിശയില്‍ ജംഗ്ഷനിലേക്ക് അമിതവേഗതയില്‍ എത്തിയത്. തലശ്ശേരി ചുങ്കം ജംഗ്ഷനിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ സി.സി ടി.വിയില്‍ ഈ അപകടദൃശ്യം പതിഞ്ഞിരുന്നു. അപകടം കണ്ട് സൂപ്പര്‍ മാര്‍ക്കറ്റുടമ അഷ്റഫും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവറെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വാഹനവുമായി വേഗത്തില്‍ സ്ഥലത്തു നിന്നും പോകുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ദേശമംഗലം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ സി.ബി അനൂപ് വടക്കാഞ്ചേരി ജോയിന്‍്റ് ആര്‍.ടി.ഒക്ക് സി.സി ടി.വി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. തുടര്‍ന്ന്് അസിസ്റ്റന്‍്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തി.

അതിനാല്‍ വാഹനത്തിന് പിഴ ചുമത്തിയതോടൊപ്പം വാഹനമോടിച്ച ഡ്രൈവര്‍ കെ.എം രാഹുല്‍ദാസിന്‍െ്റ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായും വടക്കാഞ്ചേരി ജോയിന്‍്റ് ആര്‍.ടി.ഒ എസ്. ശ്രീജിത്ത് അറിയിച്ചു. ഈ ഭാഗത്ത് ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. ക്രഷര്‍, മണ്ണ് മാഫിയയുടെ സ്വാധീനം മൂലമാണ് പരാതി ലഭിച്ചാലും അധികൃതര്‍ ടിപ്പര്‍ ലോറിക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും ആരോപണമുണ്ട്.