ഇടുക്കി: ഇടുക്കിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് മുങ്ങിമരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് ദാരുണമായി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അപ്പാപ്പികടയിലെ രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങുമ്പോഴാണ് ശ്രീജിത്ത് ചെക്ക് ഡാമിൽ കുളിക്കാനായി ഇറങ്ങിയത്.

കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ശ്രീജിത്തിനെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ശ്രീജിത്തിന് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്. വോട്ടെടുപ്പ് ദിവസം നടന്ന ഈ അപകടം പ്രദേശവാസികൾക്ക് ദുഃഖമുണ്ടാക്കി.