തൃശൂർ: മയക്കുമരുന്ന് ചേർത്ത മദ്യം നൽകി ഡോക്ടറുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഇടുക്കി തടിയംപാടം സ്വദേശി നിഷാദ് ജബ്ബാർ ആണ് തൃശൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. അഞ്ച് വർഷമായി തൃശൂരിൽ ഓട്ടോ ഓടിക്കുന്നയാളാണ് പ്രതി.ഇടക്കിടെ തന്റെ ഓട്ടോയിൽ കയറുന്ന ഡോക്ടറുടെ പണമാണ് നിഷാദ് തട്ടിയെടുത്തത്. ഇയാൾ ഡോക്ടറുമായി അടുത്ത പരിചയം സ്ഥാപിച്ചെടുത്തിരുന്നു.

തനിക്ക് കാർ ഓടിക്കാനും അറിയാമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും നിഷാദ് പറഞ്ഞു. തുടർന്ന് ഡോക്ടർ പല ആവശ്യങ്ങൾക്കും ഇയാളെ വിളിക്കാറുണ്ടായിരുന്നു. യാത്രകൾക്കിടയിൽ പണമിടപാടുകൾക്കായി എ ടി എം കാർഡും പിൻ നമ്പറും ഡോക്ടർ നിഷാദിന് നൽകിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള യാത്രയിലാണ് നിഷാദ് മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നത്. പ്രതി ഇതിനിടെ ഡോക്ടറുടെ ഫോൺ ലോക്ക് മനസ്സിലാക്കിയിരുന്നു. ശേഷം ഡോക്ടറുടെ അക്കൗണ്ടിലെ 19 ലക്ഷം രൂപ ഇന്റർനെറ്റ് ബാങ്കിങ് വഴി രണ്ട് തവണയായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

പണം പിൻവലിച്ചെന്ന സന്ദേശം ബാങ്കിൽ നിന്ന് വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാകുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന നിഷാദിനെ മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ ഗെയിമുകൾ കളിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് പണം കവർന്നതെന്നാണ് പ്രതി മൊഴി നൽകിയത്.