- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്പന; രണ്ട് പേർ പിടിയിൽ; ലഹരിമരുന്നും, ഇലക്ട്രോണിക് ത്രാസും, ആഡംബരക്കാറും പിടിച്ചെടുത്ത് പോലീസ്
മലപ്പുറം: ടൗൺ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും അതിമാരക ലഹരി വിഭാഗത്തിൽപ്പെട്ട എംഡിഎംഎ വിൽപന നടത്തിവന്ന രണ്ട് പേരെ മഞ്ചേരിയിൽ അറസ്റ്റ് ചെയ്തു. മഞ്ചേരി പട്ടർക്കുളം സ്വദേശി മാഞ്ചേരി പുതുശ്ശേരി വീട്ടിൽ സൈനുദ്ദീൻ (38), ഇയാളുടെ സഹായി മഞ്ചേരി ജെടിഎസ് കരുവമ്പ്രം വെസ്റ്റ് സ്വദേശി മൈലം പുറത്ത് വീട്ടിൽ ധനുഷ് (32) എന്നിവരാണ് പിടിയിലായത്. തുറക്കൽ മിസിരിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച അർധരാത്രി മഞ്ചേരി കോഴിക്കോട് റോഡിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ലഹരിമരുന്ന്, ഇത് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, ലഹരി കടത്താൻ ഉപയോഗിച്ച ആഡംബരക്കാർ എന്നിവയും പിടിച്ചെടുത്തു.
മലപ്പുറം ഡാൻസാഫ് സബ് ഇൻസ്പെക്ടർ എഎം യാസിറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് ടീമുകൾ സംയുക്തമായാണ് അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് തവണ കഞ്ചാവുമായി പിടിയിലായിട്ടുള്ള സൈനുദ്ദീൻ ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരി വിൽപനയ്ക്ക് ഇറങ്ങിയതെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്ക് ലഹരി കച്ചവടത്തിന് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മലപ്പുറം ഡിവൈഎസ്പി കെഎം ബിജു, പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി പ്രതാപ് കുമാർ, മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വിഎസ് അഖിൽ രാജ്, എഎസ് ഐമാരായ ഗിരീഷ്, വാശിദ്, ഗിരീഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ തസ്ലിം, പ്രജീഷ് എന്നിവരും മലപ്പുറം, പെരിന്തൽമണ്ണ ഡാൻസാഫ് ടീമും ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.




