ഹൈദരാബാദ്: മെഡ്ചൽ-ദുണ്ടിഗല്ലിൽ മദ്യപിച്ച് വാഹനമോടിച്ച ആൾ അബോധാവസ്ഥയിൽ വീടിൻറെ മതിലിന് മുകളിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറൽ. വ്യാഴാഴ്ചയാണ് സംഭവം. വിവരമറിഞ്ഞെത്തിയ ട്രാഫിക് പോലീസാണ് ക്രെയിനിന്റെ സഹായത്തോടെ വാഹനം മതിലിൽ നിന്നും താഴെയിറക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

പരിസരവാസികളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അപകട വിവരം അറിഞ്ഞതോടെ സംഭവ സ്ഥലത്ത് നാട്ടുകാർ തടിച്ചു കൂടി. എന്നാൽ വാഹനം എങ്ങനെ മതിലിന് മുകളിൽ എത്തിയെന്നായിരുന്നു എല്ലാവരുടെയും സംശയം. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് കണ്ടത് മതിലിന് മുകളിൽ ഇരിക്കുന്ന ടാറ്റ ആൾട്രോസ് കാറായിരുന്നു. തുടർന്ന് ക്രെയിനിന്‍റെ സഹായത്തോടെ പോലീസുകാർ വാഹനം താഴെയിറക്കി. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വീഡിയോയിൽ മതിലിന് മുകളിൽ ഇരിക്കുന്ന കാറും തുടർന്ന് ക്രെയിനിന്‍റെ സഹായത്തോടെ വാഹനം താഴെയിറക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം. വാഹന ഉടമ തന്നെയാണ് ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹന ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

വീഡിയോയ്ക്ക് കമ്മന്റുമായി നിരവധി പേർ രംഗത്തെത്തി. 'ഇത് എങ്ങനെ സാധ്യമാകുമെന്ന് ആരെങ്കിലും വിശദീകരിക്കാമോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. 'അയാളെ റെഡ് ബുൾ അഡ്വഞ്ചർ സ്പോർട്സിലേക്ക് അയയ്ക്കണം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ഡ്രൈവിംഗ് സ്കിൽസ്, അൾട്രാ പ്രോ മാക്സ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇത് ഒരു കാറോ തവളയോ? മോശം ഡ്രൈവർ' തുടങ്ങി വീഡിയോയുടെ കമന്റ് ബോക്സിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.