കോതമംഗലം: വയനാട് മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ നിവാസികളുടെ പുനരധിവാസത്തിനായി പോര്‍ക്ക് ഫെസ്റ്റ് ചലഞ്ചുമായി ഡിവൈഎഫ്‌ഐ. പോര്‍ക്ക് ഫെസ്റ്റുമായി ഒരുപാട് പേര്‍ സഹകരിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി. 'റീബില്‍ഡ് വയനാട്' കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് പന്നിയിറച്ചി വില്‍പന നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ 'പോര്‍ക്ക് ഫെസ്റ്റ്' സംഘടിപ്പിക്കുന്നുണ്ട്. പല വഴികള്‍ കണ്ടെത്തിയാണ് ഡിവൈഎഫ്‌ഐ ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 10ന് കാസര്‍കോട് രാജപുരത്ത് നടത്തിയ പോര്‍ക്ക് ചലഞ്ച് വന്‍ വിജയമായിരുന്നു. 350 കിലോയിലേറെയാണ് അന്ന് വിറ്റുപോയത്. 380 രൂപ വിലയുള്ള പന്നിയിറച്ചി കിലോക്ക് 360 രൂപ നിരക്കിലായിരുന്നു വിതരണം. പലരും ഇതില്‍ കൂടുതല്‍ തുക നല്‍കിയതായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷൈജിന്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ഈ ഇനത്തില്‍ ലഭിക്കും. തുക വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും നേതാക്കള്‍ പറയുന്നു.

കോതമംഗംലം മുനിസിപ്പല്‍ നോര്‍ത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെയാണ് പന്നി ഇറച്ചി വില്‍പന. 'ഇറച്ചി വാങ്ങൂ, പണം വയനാടിന്' എന്ന ആശയവുമായി നടത്തുന്ന ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ഇവിടെയും ലഭിക്കുന്നത്. കിലോക്ക് 375രൂപ നിരക്കില്‍ ഇതിനകം 500 കിലോയിലേറെ ഇറച്ചിക്ക് ഓര്‍ഡര്‍ ലഭിച്ചതായി മേഖല സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ഇന്നും നാളെയുമായി കൂടുതല്‍ പേര്‍ ഇതുമായി സഹകരിക്കും. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞപ്ര യൂണിറ്റ് കിലോയ്ക്ക് 350 രൂപയ്ക്കാണ് ഇറച്ചി നല്‍കുന്നത്.

അതേസമയം, ചാലഞ്ചിനെ അനുകൂലിച്ച് നിരവധി പേര്‍ തങ്ങളെ വിളിക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ പായസ ചലഞ്ചിലൂടയും സ്‌ക്രാപ്പ് ചലഞ്ചിലൂടെയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിച്ചിരുന്നു. മീന്‍ വില്‍പന നടത്തിയും ചായക്കട നടത്തിയും വയനാടിനായി തുക കണ്ടെത്തുന്നുണ്ട്. ചക്ക വെട്ടിവിറ്റ് വില്‍പ്പന നടത്തിയും ആക്രി പെറുക്കിയും അടക്കം ഡിവൈഎഫ്‌ഐ ധനസമാഹരണം നടത്തിയിരുന്നു.