- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നു; ഡ്രെഡ്ജർ ഗംഗാവലിയിൽ എത്തിച്ചു; തിരച്ചിലിന് കാലാവസ്ഥയും അനുകൂലം, പ്രതീക്ഷയിൽ കുടുംബം
ബെംഗളൂരു: കഴിഞ്ഞ ജൂലൈ മാസത്തിലെ ശക്തമായ മഴയിൽ ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ ഗംഗാവലി പുഴയിൽ എത്തി. ഇന്ന് വൈകീട്ട് 4.45-ഓടെയാണ് ഡ്രഡ്ജർ എത്തിച്ചത്.
ഗംഗാവലിപുഴയിലെ അടിയൊഴുക്ക് മൂന്നു നോട്‌സിൽ താഴെ ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്.
ഡ്രഡ്ജർ ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യകടമ്പയാണ് ഇപ്പോൾ കടന്നിരിക്കുന്നത്. തീരദേശപാതയുടെ ഭാഗമായുള്ള ഒന്നാംപാലം ഡ്രഡ്ജർ ഇപ്പോൾ കടന്നിട്ടുണ്ട്. ഇനി കൊങ്കൺ റെയിൽവേയുടെ ഭാഗമായുള്ള തീവണ്ടിപാലംകൂടെയാണ് ഇനി കടക്കാനുള്ളത്. വ്യാഴാഴ്ച രാത്രിയോടെ ഡ്രഡ്ജർ അപകടസ്ഥലത്ത് എത്തിക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനായി ഉള്ളത്. കഴിഞ്ഞമാസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. 96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യം. നാല് മീറ്റർ വരെ ആഴത്തിൽ തിരച്ചിൽനടത്താൻ ഡ്രഡ്ജറിന് സാധിക്കുമെന്നും അധികൃതർ പറയുന്നു.
ആദ്യം ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.