- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനപാലകരുടെ നിര്‍ദേശം അവഗണിച്ചു മുന്നോട്ടു പോയി; വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിദേശയാത്രികന് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
കോയമ്പത്തൂര്‍: വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിദേശയാത്രികന് ദാരുണാന്ത്യം. ജര്‍മന്‍ സ്വദേശിയായ മൈക്കിള്‍ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് വാല്‍പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയിലായിരുന്നു സംഭവം. വനമേഖലയില്‍ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്നതിനാല്‍ ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു.
ബൈക്കില്‍ എത്തിയ മൈക്കിള്‍ വനപാലകരുടെ നിര്‍ദേശം അവഗണിച്ചു മുന്നോട്ടു പോവുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പില്‍ കോര്‍ത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബൈക്കില്‍ നിന്നു വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കാട്ടാനയുടെ പിടിയില്‍ അകപ്പെട്ടു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് പരുക്കേറ്റ മൈക്കിളിനെ റോഡില്‍ നിന്നു മാറ്റിയത്. ഉടന്‍ തന്നെ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൈക്കിളിനെ ആന ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.