കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ സംവാദ പരിപാടിയായ 'ബ്രയിന്‍ സര്‍ജറി' നാളെ കോഴിക്കോട് ബീച്ചില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് 4.30ന്് ബീച്ച് ലൈറ്റ് ഹൗസ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍, പ്രശസ്ത സ്വതന്ത്രചിന്തകനും പ്രഭാഷകനുമായി ആരിഫ് ഹൂസൈന്‍ തെരുവത്ത് ചര്‍ച്ച നയിക്കും. യാസിന്‍ ഒമര്‍ മോഡറേറ്റര്‍ ആയിരിക്കും. ഇപ്പോള്‍ കേരളത്തിലടക്കം ഏറെ ചര്‍ച്ചയായ ഫലസ്തീന്‍ വിഷയത്തില്‍ മതമുണ്ടോ, ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണോ, എന്താണ് പോംവഴി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഒക്ടോബര്‍ 19ന് കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ്-25ന് മുന്നോടിയായിട്ടാണ്, ബ്രയിന്‍ സര്‍ജറി സംവാദ പരമ്പരകള്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസില്‍ സി രവിചന്ദ്രന്‍, പ്രൊഫ. ടി ജെ ജോസഫ്, ആരിഫ് ഹുസൈന്‍ തെരുവത്ത്, രമേഷ് പിഷാരടി, അഡ്വ ജയശങ്കര്‍, ശ്രീജിത്ത് പണിക്കര്‍, അഡ്വ ഹസ്‌ക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിക്കുന്നുണ്ട്. എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ തസ്ലീമ നസ്‌റിനും ഇത്തവണ ലിറ്റ്മസിന് എത്തുന്നുണ്ട്. സ്വതന്ത്രചിന്താ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്, തസ്ലീമ നസ്‌റിനാണ് ഈ വര്‍ഷത്തെ എസെന്‍സ് ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്. അമ്പതിനായിരം രൂപയും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഈ വര്‍ഷത്തെ 'ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ആരിഫ് ഹുസൈന്‍ തെരുവത്തിന് ലഭിച്ചു. നിരീശ്വരവാദ നിലപാടുകള്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതിലെ ധീരത പരിഗണിച്ചാണ് ആരിഫ് ഹുസൈനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മുപ്പതിനായിരം രൂപയും എസെന്‍സ് മെഡാലിയനും അദ്ദേഹത്തിന് സമ്മാനിക്കും.

'യങ് ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം രാകേഷ് വി., പ്രസാദ് വേങ്ങര എന്നിവര്‍ പങ്കിട്ടു. യുവതലമുറയില്‍ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇരുവരും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം. ഇവര്‍ക്ക് ഇരുപത്തയ്യായിരം രൂപ വീതവും പ്രശംസ പത്രവും നല്‍കും. ഈ അവാര്‍ഡുകളും ലിറ്റ്മസ് വേദിയിലാണ് വിതരണം ചെയ്യുക.