തൃശൂര്‍: എസന്‍സ് ഗ്ലോബല്‍ 2024-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകള്‍ക്ക് നല്‍കുന്ന ഫ്രീ തിങ്കര്‍ അവാര്‍ഡ് ലൂസി യൂട്യൂബ് ചാനല്‍ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖര്‍ രമേശിന്. യുവ സ്വാതന്ത്രചിന്തകര്‍ക്കുള്ള യങ് ഫ്രീ തിങ്കര്‍ അവാര്‍ഡ് മാധ്യമ പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ ഒ.കെ സജിത്തിനും, കണ്ണൂര്‍ സ്വദേശിയും വ്യവസായിയുമായ കബീര്‍ അഹമ്മദിനും നല്‍കും.

വയനാട്ടില്‍ മുണ്ടക്കൈ - ചൂരല്‍മല ഉരുളപൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തകരായ എസന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകരായ യാസിന്‍ ഒമര്‍, അഷ്‌റഫ് അലി എന്നിവര്‍ക്ക് ആദരസൂചകമായി കസ്റ്റോഡിയന്‍ ഓഫ് ഹ്യൂമനിസം അവാര്‍ഡും എസന്‍സ് ഗ്ലോബല്‍ ഇത്തവണ വിതരണം ചെയ്യും. ദുരന്തഭൂമിയില്‍ അക്ഷീണം പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി അഭിനന്ദിക്കാനാണ് സംഘടന അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

അവാര്‍ഡ് ജേതാക്കള്‍ക്ക് എസെന്‍സ് മെഡലിയനും 25000 രൂപയും, പ്രശസ്തിപത്രവുമാണ് നല്‍കുക. ആര്‍ട്ടിക്കിള്‍ 51 A(h) ന്റെ സന്ദേശം ഉള്‍കൊണ്ട് കേരള സമൂഹത്തില്‍ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. 2024 ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന എസന്‍സ് ഗ്ലോബലിന്റെ ശാസ്ത്ര സ്വാതന്ത്രചിന്ത സമ്മേളനം ലിറ്റ്മസ്'24 ല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.