കൊച്ചി: പുതിയ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിയത് ഇന്‍സ്റ്റാള്‍ ചെയ്തതിലെ അപാകത കാരണം പ്രവര്‍ത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിന്‍ കെ.എ. യുറേക്ക ഫോക്‌സിനും ഇന്‍സ്റ്റലേഷന്‍ സര്‍വീസ് സെന്ററിനും എതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊച്ചിയിലെ നന്ദിലത്ത് ജി മാര്‍ട്ടില്‍ നിന്നാണ് 10200 രൂപക്ക് യൂറേക്ക ഫോര്‍ബ്‌സ് അക്വാഗാര്‍ഡ് ബ്രാന്‍ഡ് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിയത്. ഉല്‍പ്പന്നം സ്ഥാപിച്ചതിനുശേഷം ഒരിക്കലും ശരിയായി പ്രവര്‍ത്തിച്ചില്ല. നിരവധി തവണ എതിര്‍ കക്ഷികളെ സമീപിച്ചിട്ടും നപടികള്‍ ഉണ്ടായില്ല.

അക്വാ ഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മാണ കമ്പനിയായ യൂറേക്ക ഫോര്‍ബ്‌സും സര്‍വീസ് ഏജന്‍സിയും ഉപകരണം ശരിയായി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതായി ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് കണ്ടെത്തി. പരാതിക്കാരന് പുതിയ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുകയോ 10,200/ രൂപ തിരികെ നല്‍കുകയും ചെയ്യണം. കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 10,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.