കോഴിക്കോട്: കുറ്റ്യാടി ടൗണിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി. ടൗണിലെ സാംസ്‌കാരിക നിലയത്തിനടുത്തുള്ള വഴിയരികിൽ നിന്നാണ് ലഹരി വിരുദ്ധ പ്രവർത്തകരും പരിസരവാസികളും ചേർന്ന് മദ്യം കണ്ടെത്തിയത്. പിന്നീട് ഇത് നാദാപുരം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപിച്ചു.

ബിവറേജ് ഔട്ട്‌ലെറ്റുകൾക്ക് മൂന്ന് ദിവസം അവധിയായതിനാൽ, മാഹിയിൽ നിന്ന് അനധികൃതമായി എത്തിക്കാൻ ശ്രമിച്ച മദ്യമാണ് വിൽപ്പന നടത്തുന്നതിനായി റോഡരികിൽ താത്കാലികമായി സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. മദ്യം കടത്തിയവരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. റോഡരികിൽ ഒളിപ്പിച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് മദ്യം കണ്ടെത്തിയതെന്ന് ലഹരി വിരുദ്ധ ചെയർമാനും വാർഡ് മെമ്പറുമായ ഹാഷിം നമ്പാടൻ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്യം മറിച്ചുവിൽക്കാൻ മാഹിയിൽ നിന്ന് വലിയ അളവിൽ വിദേശമദ്യം കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും എത്തുന്നുണ്ടെന്നും പരിശോധന കർശനമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇതിനിടെ, കരുനാഗപ്പള്ളിയിൽ വീട്ടിലും സ്കൂട്ടറിലുമായി വിൽപ്പനക്കായി സൂക്ഷിച്ച 95 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശി ശ്രീരാജ് (39) ആണ് പിടിയിലായത്. ഡ്രൈ ഡേകൾ ലക്ഷ്യം വെച്ച് വലിയ തോതിൽ മദ്യം ശേഖരിച്ച് വിൽപ്പനക്കായി സൂക്ഷിച്ചതാണെന്ന് പ്രതി സമ്മതിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി. രഘുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.