മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി 1 മുതല്‍ രണ്ടു മാസത്തേക്ക് അടയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാലാണ് അടയ്ക്കുന്നത്. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ, സന്ദര്‍ശകമേഖലയായ രാജമലയിലേക്കു വിനോദസഞ്ചാരികള്‍ക്കു പ്രവേശനമുണ്ടാകില്ല. ഇരവികുളത്ത് ഈ സീസണില്‍ ഇതുവരെ 10 വരയാടിന്‍കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ് അറിയിച്ചു.

ആസ്വദിക്കാം ബഗ്ഗി യാത്ര

രാജമല അടച്ചാലും സഞ്ചാരികള്‍ക്കു താര്‍ സോണില്‍ (വരയാടുകളുടെ വിഹാരകേന്ദ്രം) പ്രവേശിക്കാതെ മറ്റു കേന്ദ്രങ്ങള്‍ ആസ്വദിക്കാന്‍ വനംവകുപ്പ് സൗകര്യമൊരുക്കി. രാജമലയുടെ പ്രവേശനകവാടമായ അഞ്ചാംമൈല്‍ മുതല്‍ ചെക്‌പോസ്റ്റ് വരെ ബഗ്ഗി കാറില്‍ യാത്ര ചെയ്യാം. വാച്ച് ടവറും സന്ദര്‍ശിക്കാം. ട്രെക്കിങ്ങിനും അവസരമുണ്ടാകും. അഞ്ചാംമൈലിലെ വെര്‍ച്വല്‍ റിയാലിറ്റി ഷോ, ഓര്‍ക്കിഡേറിയം, പന്നല്‍ ഗാര്‍ഡന്‍ എന്നിവയും സന്ദര്‍ശിക്കാം. ബഗ്ഗി കാറില്‍ 6 പേര്‍ക്കു യാത്ര ചെയ്യുന്നതിനു 3000 രൂപയാണു നിരക്ക്.