തൃശൂര്‍: വർഷങ്ങളായി പൈനാപ്പിൾ കർഷകരുടെ ജീവിതം വലിയ ദുരിതത്തിലാണ്. ഇപ്പോഴിതാ വീണ്ടും ഒരു തിരിച്ചടി കൂടി അവർക്ക് കിട്ടിയിരിക്കുകയാണ്‌. രാസവള ലഭ്യത കുറഞ്ഞതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. വര്‍ഷങ്ങളായി വിലയിടിവു മൂലം ദുരിതത്തിലായിരുന്ന കര്‍ഷകര്‍ക്ക് രണ്ടു കൊല്ലമായി സ്ഥിരമായി മികച്ച വില ലഭിക്കുന്നുണ്ടെന്നിരിക്കെ വള ദൗര്‍ലഭ്യം ഭീഷണിയാകുകയാണ്. എഫ്.എ.സി.ടിയുടെ ഫാക്ടംഫോസ് 20:20 ഉത്പാദനം നിലച്ചതാണ് വിനയായത്.

ഫോസ്ഫറിക് ആസിഡ് ഇറക്കുമതി ചെയ്തിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഫാക്ടിനു നെല്‍, പൈനാപ്പിള്‍, തെങ്ങ്, കവുങ്ങ്, വാഴ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന ഫാക്ടംഫോസിന്റെ വിതരണം ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പമാണ് പൈനാപ്പിള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നിവയുടെയും ക്ഷാമം. വളക്കടകളില്‍ ഇവയൊന്നും ലഭ്യമല്ല എന്ന് മാത്രമല്ല യൂറിയ അടക്കമുള്ള സബ്‌സിഡി വളങ്ങള്‍ ഒരു കര്‍ഷകന് പരമാവധി 45 ചാക്കേ ലഭിക്കൂ. പല ജില്ലകളിലായി നൂറു കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു ഉപകാരവുമില്ല.

നാലു വര്‍ഷം മുമ്പ് പൈനാപ്പിള്‍ വില കിലോ ഏകദേശം 10 രൂപയായി താഴ്ന്നപ്പോള്‍ കടം കയറിയ കര്‍ഷകര്‍ക്ക് ആശ്വാസമായാണ് രണ്ടു വര്‍ഷമായി മികച്ച വില സ്ഥിരമായി ലഭിക്കുന്നത്. ഇന്നലെ പഴത്തിന് 50 രൂപയും പച്ചയ്ക്ക് 42 രൂപയും മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. സ്ഥിരമായി മികച്ച വില നിലനില്‍ക്കുന്നതുകൊണ്ട് കൃഷിയുടെ വിസ്തൃതി കൂടുകയും ചെയ്തു.