കൊല്ലം: യു.കെയിലും കാനഡയിലും ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കൈപ്പറ്റിയശേഷം വഞ്ചിച്ചതായി പരാതി. കൊച്ചി രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ഈസി വിസയെന്ന കമ്പനിക്കെതിരെയാണ് പണം തട്ടിപ്പിന് പോലീസ് കേസെടുത്തത്. ബയോഡാറ്റ തയ്യാറാക്കാന്‍ ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളിലായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കമ്പനി പണം ഈടാക്കുകയായിരുന്നു. പത്തനാപുരം, തലവൂര്‍, കൂര, പുത്തന്‍പുര വടക്കേതില്‍ ബിനുമോന്‍െ്റ പരാതിയിലാണ് പോലീസ് കേസെടുത്തത്.

യു.കെയില്‍ ജോലി ലഭിക്കുമെന്ന വാഗ്ദാനമാണ് തുടക്കത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനി നല്‍കിയത്. ബയോഡാറ്റ തയ്യാറാക്കാനും അപേക്ഷിക്കാനും ബിനുമോന്‍െ്റ പക്കല്‍ നിന്നും ഒരു ലക്ഷംരൂപ വാങ്ങി. അതിനുശേഷം നാലുലക്ഷം രൂപ വാങ്ങിയാണ് വ്യാജ ഇന്‍്റര്‍വ്യൂ നടത്തിയത്. ഇന്‍്റര്‍വ്യൂ പാസായി ഒരാഴ്ചക്കകം ജോലിക്ക് കയറാമെന്നായിരുന്നു അറിയിച്ചിരുന്നത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ജോലി ശരിയാകാതിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ യു.കെയില്‍ ലഭിക്കില്ലെന്നും കാനഡയില്‍ ശരിയാക്കാമെന്നും അറിയിച്ചു.

ഇതിനിടയില്‍ വിസയും പാസ്പോര്‍ട്ട് വെരിഫിക്കേഷനുമൊക്കെ കാരണമായി ചൂണ്ടിക്കാണിച്ച് പലപ്പോഴായി 6.13 ലക്ഷംരൂപ ഈടാക്കി. ഈസി വിസയെന്ന കമ്പനി പിന്നീട് പേരുമാറി മയൂര ഇന്‍്റര്‍നാഷണല്‍ എന്നാക്കി മാറ്റിയതായി പരാതിക്കാരനായ ബിനുമോന്‍ പറയുന്നു. ബിനുമോന്‍െ്റ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമയായ കെ.പി മണിലാല്‍, ജീവനക്കാരി ശില്‍പ്പ എന്നിവരെ പ്രതികളാക്കിയാണ് കൊല്ലം കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുള്ളത്.