തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറാണ് പട്ടിക പുറത്തിറക്കിയത്. വോട്ടർമാർക്ക് പേരുവിവരങ്ങൾ ഓൺലൈനായും നേരിട്ടും പരിശോധിക്കാം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ (www.ceo.kerala.gov.in) പുറമെ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) കൈവശവും പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് പട്ടിക കൈപ്പറ്റാമെന്നും അധികൃതർ അറിയിച്ചു.

ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഇതിനായി 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മാർച്ച് 15-ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മെയ് 4-നാണ് വോട്ടെണ്ണൽ.