- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാനിറങ്ങി; തളർന്ന് അവശനായി 25 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടു; ഒടുവിൽ ഫയർഫോഴ്സെത്തി വയോധികനെ രക്ഷപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കിണറ്റിൽ വീണ വളർത്ത് നായയെ രക്ഷിക്കാനിറങ്ങി സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ട വയോധികനെ രക്ഷപ്പെടുത്തി. തളർന്ന് അവശനായ വയോധികനെ വിഴിഞ്ഞം ഫയർഫോഴ്സ് ജീവനക്കാരെത്തിയാണ് പുറത്തെത്തിച്ചത്. വിഴിഞ്ഞം മുക്കോല നെല്ലിവിള നെല്ലിയിൽ തങ്കപ്പനെ (72) യാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവമുണ്ടായത്. കിണറിന്‍റെ കൈവരിയിൽ നിന്ന് നായ കിണറ്റിൽ വീണത് കണ്ട തങ്കപ്പൻ 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുകയായിരുന്നു. നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയാണ് കിണറ്റിലിറങ്ങിയത്. കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു.
കയർ ഉപയോഗിച്ച് നായയെ രക്ഷിച്ച് കരയിൽ കയറ്റിയെങ്കിലും തങ്കപ്പന് തിരികെ കയറാനായില്ല. നാട്ടുകാർ ഇട്ടു കൊടുത്ത വടത്തിൽ തൂങ്ങി മുകളിലേക്ക് കയറാൻ ശ്രമം നടത്തുന്നതിനിടയിൽ കിണറിന്‍റെ കൈവരിക്ക് ബലക്ഷയമുണ്ടായി. സ്ഥിതി വഷളാകുന്നത് മനസ്സിലായതോടെ നാട്ടുകാർ വിഴിഞ്ഞം ഫയർഫോഴ്സിന്‍റെ സഹായം തേടി.
സ്‌റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസിസ്റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ ബിജു, ഷിജു, സനൽകുമാർ, വിജയകുമാർ, ഹരികൃഷ്ണൻ, ഡ്രൈവർ ബിജു, ഹോം ഗാർഡുമാരായ സ്റ്റീഫൻ, സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം നെറ്റ് ഉപയോഗിച്ച് വയോധികനെ പുറത്തെടുത്തു. അവശ നിലയിലായതിനാൽ വയോധികനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.