തിരുവനന്തപുരം: പെരിങ്ങമ്മലയിൽ മൂന്ന് ദിവസത്തോളമായി 15 അടി താഴ്ചയുള്ള ടോയ്‌ലറ്റ് കുഴിയിൽ വീണു വലഞ്ഞ നായയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷിച്ചു. പെരിങ്ങമ്മല ആർ.സി ചർച്ചിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ടോയ്‌ലറ്റിനായി നിർമ്മിച്ച കുഴിയിലാണ് നായ അകപ്പെട്ടത്. രക്ഷപ്പെടാനാകാതെ തുടർച്ചയായി കരഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.

ഇന്ന് രാവിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനുവിന്റെ നേതൃത്വത്തിലെത്തിയ സംഘം കുഴിയിലേക്ക് ഇറക്കിയ വലയിൽ കയറ്റിയാണ് നായയെ പുറത്തെത്തിച്ചത്. കുഴിയെടുത്തിട്ട് മാസങ്ങളായെങ്കിലും അപകടം ഒഴിവാക്കുന്നതിനായി മൂടിയിട്ടിരുന്നില്ല. സമീപത്ത് കാടുകയറി അപകടാവസ്ഥയിലായ കുഴി മൂടാൻ ഉടമസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്ക് നിയമപരമായ പരിരക്ഷ നൽകാത്തതിനാൽ സ്വന്തം ഉത്തരവാദിത്തത്തിലാണ് ജീവൻ രക്ഷാപ്രവർത്തനം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.