ഓമല്ലൂര്‍: പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തില്‍ തീ പിടുത്തം. ഉടമയും ജീവനക്കാരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. ചുറ്റുപാടുമുള്ള വീടുകളിലേക്ക് തീ പടരാതെ അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി. മാത്തൂര്‍ റോഡില്‍ തൈക്കുറ്റി മുക്കിനും പേഴുംമൂട് ജങ്ഷനുമിടയിലുള്ള എ ആന്‍ഡ് എ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീ പടര്‍ന്നത്.

കടയുടെ മുന്‍വശത്താണ് തീ കണ്ടത്. ഈ സമയം കടയുടമ ഷൈനി സുരേഷിന്റെ പിതാവ് ഓമല്ലൂര്‍ സൗപര്‍ണികയില്‍ ഭാസ്‌കരന്‍ നായര്‍ (63), ജീവനക്കാരന്‍ ചെറുകോല്‍പ്പുഴ വടക്കേമംഗലത്ത് ആദര്‍ശ് (28) എന്നിവര്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. ആളിക്കത്തുന്ന തീയിലൂടെ ഇവര്‍ പുറത്തേക്ക് ചാടി. രണ്ടു പേര്‍ക്കും പൊള്ളലേറ്റു. ഇവരെ ഓമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് മൂന്നും അടൂരിലും കോന്നിയില്‍ നിന്ന് ഒന്നു വീതവും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ശബരിമല സീസണ്‍ പ്രമാണിച്ച് വലിയ തോതില്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയതിരുന്നു. എല്ലാം തീ പിടിക്കുന്ന സാധനങ്ങളായതാണ് ഇത്രവലിയ നാശനഷ്ടമുണ്ടാകാന്‍ കാരണമായത്. തിരി, വെളക്കെണ്ണ, നെയ്യ്, സാമ്പ്രാണി, കര്‍പ്പൂരം, ഇരുമുടി, തുണി സഞ്ചി, തേന്‍ തുടങ്ങിയ സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. റോഡ് നിരപ്പിലുള്ള മുറിയില്‍ നിന്ന് തുടങ്ങി ഒന്നാം നിലയില്‍ ഹാള്‍ പോലെയുള്ള ഭാഗം മുഴുവന്‍ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗം മുന്‍വശത്തെ ഷട്ടര്‍ ആയിരുന്നു. കെട്ടിടത്തിന്റെ വശങ്ങളിലെ ജനാലച്ചില്ലുകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്സ് സംഘം വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. തൊട്ടടുത്ത മുറിയില്‍ ഐസ്‌ക്രീം മൊത്ത വിതരണ കേന്ദ്രമാണുള്ളത്.

ഇവിടെയും ഭാഗികമായി നാശനഷ്ടം നേരിട്ടു. തൊട്ടടുത്തു തന്നെ രണ്ടു വീടുകള്‍ ഉണ്ടായിരുന്നു. ഇവിടേക്ക് തീ പടരാതെ തടയാന്‍ ഫയര്‍ഫോഴ്സിനായി. കടയ്ക്കുള്ളില്‍ നിന്ന് ചെറുതും വലുതുമായ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെടുത്തു. ഇതിലേക്ക് തീ പടരാതെ ഇരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഓമല്ലൂര്‍ മുട്ടത്ത് ബസേല്‍ ജോര്‍ജ് സാമുവലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഈ ബില്‍ഡിങിനോട് ചേര്‍ന്നാണ് ബസേലിന്റെ വീട്. ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.