ഹരിപ്പാട്: ആലപ്പുഴയിൽ മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ തീപിടുത്തം. 45 തൊഴിലാളികൾ സഞ്ചരിച്ച 'ഭാഗ്യ നക്ഷത്രം ലൈലന്റ്' എന്ന വള്ളത്തിലാണ് അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമായത്. കായംകുളം ഹാർബറിൽ നിന്ന് പുറപ്പെട്ട വള്ളം ഹാർബറിന് പടിഞ്ഞാറ് ഭാഗത്താണ് അപകടത്തിൽപ്പെട്ടത്.

രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. തീപിടുത്തമുണ്ടായ ഉടൻ തന്നെ ആളിപ്പടരുകയായിരുന്നു. തൊഴിലാളികൾ വള്ളത്തിലുള്ള വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എണ്ണയ്ക്ക് തീപിടിച്ചതോടെയാണ് കറുത്ത പുക ഉയർന്ന് വള്ളം അപകടാവസ്ഥയിലായത്. ഉടമസ്ഥനായ രാജു നീളമുള്ള കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് വലിച്ച് ഓഫ് ചെയ്തതോടെയാണ് തീ നിയന്ത്രണ വിധേയമായത്.

ഈ അപകടത്തിൽ വയർലെസ് സെറ്റ്, ജിപിഎസ് സംവിധാനം, എക്കോ സൗണ്ടർ, ക്യാമറ തുടങ്ങിയ വിലപ്പെട്ട ഉപകരണങ്ങൾ കത്തി നശിച്ചു. കൂടാതെ വള്ളത്തിനും മത്സ്യബന്ധന വലയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.