കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഐഫോണുകൾ ഉൾപ്പെടെ 15ഓളം മൊബൈൽ ഫോണുകൾ പൂർണ്ണമായി കത്തിനശിച്ചു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ മൊബൈൽ ഷോപ്പിന് സമീപത്തുണ്ടായ മറ്റൊരു അപകടമാണ് ഈ തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന. ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ സമീപത്തെ 11 കെവി ലൈൻ പോസ്റ്റ് തകരുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മൊബൈൽ ഷോപ്പിൽ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേന എത്തിയിരുന്നു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്.