പത്തനംതിട്ട: വാടക വീടിന് മുന്നിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വടശ്ശേരിക്കര തെങ്ങുംമല ഈറോലിക്കല്‍ വാസുദേവ കുറുപ്പാ(77)ണ് ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. ആള്‍മറയില്ലാത്ത കിണറിന് 33 അടി താഴ്ചയുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ അബദ്ധത്തില്‍ കാല്‍തെറ്റി വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.

നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി. ഇടിഞ്ഞു വീഴാറായ, കുടിവെള്ളത്തിന് ഉപയോഗിക്കാത്ത ജീര്‍ണിച്ച വസ്തുക്കളുള്ള അപകടകരമായ കിണറ്റില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന്‍ നായര്‍ റോപ്പിന്റെയും റസ്‌ക്യൂ നെറ്റിന്റെയും മറ്റ് സേനാംഗങ്ങളുടെയും സഹായത്താല്‍ അതി സാഹസികമായി ഇറങ്ങി കുറുപ്പിനെ കരയില്‍ എത്തിച്ചു.

ആംബുലന്‍സില്‍ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്യാംജി, ഉണ്ണികൃഷ്ണന്‍, അനുരാജ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ രമാകാന്ത് ഹോം ഗാര്‍ഡുമാരായ അജയകുമാര്‍, പ്രസന്നന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.