വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാന്‍ഷെ ഷോറൂമില്‍ ഞായറാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം.

ഷോറൂമില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ ഡ്രസിങ് റൂമില്‍ അകപ്പെടുകയായിരുന്നു. വാതില്‍ തുറക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. റെസ്‌ക്യൂ ഓഫീസര്‍ ആര്‍. ദീപകിന്റെ നേതൃത്വത്തിലെത്തിയ സേന ഡോര്‍ ബ്രേക്കിങ് സംവിധാനമുപയോഗിച്ച് വാതില്‍ തകര്‍ത്ത് കുട്ടിയെ രക്ഷിച്ചു.

റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സന്തോഷ്, എം.എം. റിജീഷ്‌കുമാര്‍, സി.കെ. അര്‍ജുന്‍, പി.എം. ഷഹീര്‍, പി.എം. ബബീഷ്, ഹോം ഗാര്‍ഡ് ആര്‍. രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.