ഹരിപ്പാട്: മുതുകുളത്ത് പട്ടാപ്പകൽ പ്രവർത്തിക്കുന്ന മീൻ കടയ്ക്ക് നേരെ ആക്രമണം. മുതുകുളം ഹൈസ്കൂൾ മുക്കിന് സമീപമുള്ള 'ഫ്രഷ് ഹബ്' എന്ന മീൻ കടയാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കട അടച്ചിട്ടിരുന്ന സമയത്താണ് കാറിലെത്തിയ ഒരാൾ കൈക്കോടാലിയുമായി കടയുടെ രണ്ട് മീൻ തട്ടുകളും ജി.ഐ. ഷീറ്റും പൂട്ടും തല്ലിത്തകർത്ത് നാശനഷ്ടങ്ങൾ വരുത്തിയത്.

സമീപത്തുണ്ടായിരുന്ന വ്യാപാരികളെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. പുതിയവിള സ്വദേശി ഹരികൃഷ്ണനും സുഹൃത്തുമാണ് ഈ കട നടത്തുന്നത്. സംഭവത്തിൽ കനകക്കുന്ന് പോലീസ് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അക്രമിയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അക്രമി കൊറ്റുകുളങ്ങര സ്വദേശിയാണെന്ന് സൂചനയുണ്ട്. ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.