മലപ്പുറം: ഒരു നാടിന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍ വിഫലമാക്കി അമാന്‍ യാത്രയായി. പെറ്റമ്മ കരള്‍ പകുത്ത് നല്‍കിയെങ്കിലും നാടിനും വീടിനും നോവായി അവന്‍ ഉപ്പയ്ക്ക് അരികിലേക്ക് എന്നന്നേക്കുമായി യാത്ര ആവുക ആയിരുന്നു. മുത്തൂര്‍ ബൈപ്പാസിനു സമീപം പരേതനായ മാടക്കല്‍ അഫ്‌സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്പില്‍ ജാസ്മിന്റെയും ഏക മകന്‍ അഞ്ചുവയസ്സുകാരനായ അമാനാണ് ഉമ്മയുടെയും നാടിന്റെയും പ്രാര്‍ഥനകള്‍ വിഫലമാക്കി മരണത്തിനു കീഴടങ്ങിയത്.

ജാസ്മിന്‍ കരള്‍ നല്‍കാന്‍ അപ്പോഴേ തയ്യാറായി. നവകേരളസദസ്സില്‍ അപേക്ഷിച്ചതനുസരിച്ച് 'ഹൃദ്യം' പദ്ധതിയിലൂടെ കോട്ടയം മെഡിക്കല്‍കോളേജില്‍ അമാന്റെ കരള്‍ മാറ്റിവെച്ചു. ഉമ്മ ജാസ്മിന്‍ കരള്‍ പകുത്ത് നല്‍കി. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംവരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാല്‍ പിന്നീട് അമാന്റെ തലയ്ക്കുള്ളില്‍ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും.

മെഡിക്കല്‍കോളേജില്‍ പരമാവധി നോക്കിയിട്ടും മാറ്റംവരാതെ കണ്ടപ്പപ്പോള്‍ അമാനെ എറണാകുളം അമൃത ഹോസ്പിറ്റലിലേക്കു മാറ്റി. അമാനെ അവിടെ വെന്റിലേറ്ററിലാക്കി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവന്നതിനാല്‍ തലയിലെ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. ഓരോദിവസവും നില വഷളായിവന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ന് മരണം സംഭവിച്ചു. ഏഴൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍ കബറടക്കി. നാട്ടുകാരുടെ സാന്ത്വനക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ പത്തുലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് അമാന് ചികിത്സ നല്‍കിയത്. അമാന്റെ പിതാവ് അഫ്‌സല്‍ മൂന്നുമാസം മുന്‍പാണ് മരിച്ചത്.