കോട്ടയം: ഓണ്‍ലൈനില്‍ ട്രിമ്മര്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് മൂന്നു തവണയും തെറ്റായ ഉല്‍പ്പന്നം നല്‍കിയതിന് ഫ്‌ലിപ്കാര്‍ട്ടിന് പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് വ്യത്യസ്തമായ ഉല്‍പ്പന്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടര്‍ന്ന് അതേ ട്രിമ്മര്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ തെറ്റായ ഉല്‍പ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതിയും നല്‍കി. എന്നാല്‍ മൂന്നാം തവണയും ഇത് ആവര്‍ത്തിക്കുകയായിരുന്നു.

ആദ്യം ഫ്‌ലിപ്കാര്‍ട്ടിനാണ് സന്ദീപ് പരാതി നല്‍കുന്നത്. മറുപടി ലഭിക്കാതിരുന്നതോടെയാണ് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കിയത്. കൃത്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു. പിഴയായി അടയ്ക്കാന്‍ നിര്‍ദേശിച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കും.