കോഴിക്കോട്: മിക്സചറിൽ വ്യാപകമായി മായം ചേർക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ടാട്രസിൻ മായം ചേർത്ത് മിക്സചർ നിർമിക്കുന്നതായി കണ്ടെത്തിയത്. മായം ചേർത്ത മിക്സ്ചർ നിർമ്മിച്ച ​സ്ഥാപനങ്ങൾക്കെതി​രെ നടപടിയും ആരംഭിച്ചു.

മിക്സചറുകളിൽ മഞ്ഞ നിറം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ടാട്രസിൻ ഉപയോഗിക്കുന്നത്. നിയമ വിരുദ്ധമായി കൃതൃമ നിറം ചേര്‍ത്ത് വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിചിട്ടുണ്ട്.

വടകര, പേരാമ്പ്ര, കൊടുവള്ളി , തിരുവമ്പാടി എന്നീ പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് മിക്സചറിൽ ടാട്രസിൻ സാന്നിധ്യം കണ്ടെത്തിയത്. വടകര ജെ ടി റോഡിലെ ഹർഷ ചിപ്സ് , പേരാമ്പ്ര കല്ലുംപുറ വേക്ക് ആൻറ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്ക്സ്, മുക്കം അഗസ്ത്യമുഴി ബ്രദേർസ് ബേക്ക്സ് ആൻറ് ചിപ്സ് എന്നീ കടകളിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. ഇതോടെ ഈ സ്ഥാപനങ്ങളിലെ മിക്സച്ചർ വിൽപന നിരോധിച്ചു. കൂടാതെ ഓമശ്ശേരി പുതൂർ റിയ ബേക്കറിയിലെ മിക്സചർ ഉൽപാദനവും നിരോധിച്ചു.

എന്താണ് ടാട്രസിൻ ?

അലർജിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പലതരം വസ്തുക്കളിൽ ടാട്രസിൻ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. ടാട്രസിൻ എന്ന കളർ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാധ്യതയുള്ളതാണെ​ങ്കിലും ടാട്രസിൻ കൂടുതൽ അപകടകാരിയാണ് .

നിയമവിരുദ്ധമായി നിറം ചേർത്ത് ഉല്പാദനവും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.